തിരുവനന്തപുരം: സംസ്ഥാനത്തെ 10 കിലോവാട്ടിനുമുകളിലുള്ള സൗരോർജ ഗാർഹിക വൈദ്യുതി ഉപയോക്താക്കൾക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. ഇതിനകം പ്ലാന്റ് സ്ഥാപിച്ചവർ ബാറ്ററി സ്റ്റോറേജ് പുതുതായി സ്ഥാപിക്കേണ്ടതില്ല. സംസ്ഥാനത്തെ സൗരോർജ ഉത്പാദനമേഖലയിൽ നിർണായകമായ പുനരുപയോഗ ഊർജ ചട്ടഭേദഗതി ഇന്നുമുതൽ പ്രാബല്യത്തിൽ വരും.
ബാറ്ററി ഇല്ലാതെ നെറ്റ്മീറ്ററിംഗ് സംവിധാനം മൂന്നു കിലോവാട്ട് വരെയായി പരിമിതപ്പെടുത്താനുള്ള കരട് ചട്ടത്തിലെ നിർദേശം വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. 10 കിലോവാട്ട് വരെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് ബാറ്ററി ഇല്ലാതെയും 10 കിലോവാട്ടിനു മുകളിൽ 15 കിലോവാട്ട് വരെ 20 ശതമാനം ബാറ്ററി സ്റ്റോറേജും 15 കിലോവാട്ടിനു മുകളിൽ 20 ശതമാനം ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് നെറ്റ് മീറ്ററിങ് പ്രയോജനപ്പെടുത്താം.
2027 ഏപ്രിൽ ഒന്നുമുതൽ ഫീസിബിലിറ്റി തേടുന്ന സോളർ നിലയങ്ങൾക്ക് ആറു കിലോവാട്ടിന് മുകളിൽ 10 ശതമാനം ബാറ്ററി സ്റ്റോറേജ് വേണം. 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചവർ ഗ്രിഡ് സപ്പോർട്ട് ചാർജ് നൽകേണ്ടതില്ല. ബാറ്ററി സ്റ്റോറേജ് സ്ഥാപിച്ച് അധിക വൈദ്യുതി വൈകുന്നേരത്തെ പീക്ക് സമയത്ത് ഗ്രിഡിലേക്ക് നൽകുന്നവർക്ക് യൂണിറ്റിന് 7.50 രൂപ നിരക്കിൽ അനുവദിക്കും. സാധാരണ സമയങ്ങളിൽ അധിക വൈദ്യുതി നൽകുന്നവർക്ക് യൂണിറ്റിന് 3.07 രൂപ വരെ നൽകും.